Saturday, December 13, 2014

വിദ്യാർത്ഥി ശക്തി (13.10.2014)

ഹോമിയോപ്പതി സംഘടനകൾ എത്രത്തോളം ഇടപെട്ടിട്ടും, എം.ഡി.(ഹോമിയോപ്പതി) അഡ്മിഷൻ വിഷയത്തിലെ പ്രശ്നങ്ങൾ പരിഹരിച്ച് പ്രോസ്പെക്റ്റസ് പ്രകാരമുള്ള 35 സീറ്റുകളിലേക്കും അഡ്മിഷൻ നടത്താനുള്ള നടപടിയെടുക്കുന്നതിനു പകരം സീറ്റുകളുടെ എണ്ണം കുറക്കുമെന്നുള്ള വാശിയിലാണ് പ്രിൻസിപ്പാൾ & കണ്ട്രോളിങ് ഓഫീസർ (പി.സി.ഒ).
ഹോമിയോപ്പതി വിദ്യാഭ്യാസവകുപ്പിന്റെ മേധാവി എന്ന നിലയിൽ, സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി നിയമങ്ങൾക്കനുസൃതമായ സൗകര്യങ്ങളും നിയമനങ്ങളും കോളേജുകളിൻ ഉറപ്പുവരുത്തി, സിസ്റ്റത്തിനും ഡോക്ടർമാർക്കും ഗുണകരമായ കാര്യങ്ങൾ സർക്കാരിൽ നിന്നും നേടിയെടുക്കാൻ ശ്രമിക്കുന്നതിനു പകരം ഉള്ളതു തന്നെ ഇല്ലാതാക്കാനാണു പി.സി.ഒ ശ്രമിക്കുന്നത്.
ഇപ്പോഴത്തെ പി.സി.ഒ.യുടെ ഭർത്താവ് (റിട്ടയേഡ് പി.സി.ഒ) തമിഴ്നാട്ടിൽ എം.ഡി. സീറ്റിനു ലക്ഷങ്ങൾ വാങ്ങി അഡ്മിഷൻ നടത്തുന്ന ഒരു കോളേജിലെ Chief patron and PhD Guide ആണെന്നറിയുന്നു.
കേരളത്തിൽ എം.ഡി.യുടെ സീറ്റു കുറഞ്ഞാൽ, അഡ്മിഷൻ അനിശ്ചിതത്വത്തിലായാൽ, ആ കോളേജുകളിലും അതു പോലുള്ള അന്യസംസ്ഥാന കോളേജുകളിലും എം.ഡി സീറ്റിന്റെ ഡിമാന്റ് കൂടുമെന്നും ഡൊണേഷനായും ഫീസായും വാങ്ങുന്ന ലക്ഷങ്ങളുടെ എണ്ണം കൂട്ടാമെന്നും മനസ്സിലാവാൻ ചെറിയ ബുദ്ധി മതി.
ആരോപണമൊന്നും ഉന്നയിക്കുന്നില്ല, പക്ഷെ കാര്യങ്ങൾ നീങ്ങുന്ന വഴി കാണുമ്പോൾ അങ്ങനെയും വേണമെങ്കിൽ സംശയിക്കാമല്ലോ...
ഡോക്ടർമാരുടെ സംഘടനകൾ രാഷ്ട്രീയ-ഉദ്യോഗസ്ഥ-മാദ്ധ്യമ തലങ്ങളിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നു, പി.സി.ഒ.യുടെ പ്രതികൂലമായ നിലപാടാണ് എല്ലാറ്റിനും തടസ്സം. ആ നിലപാട് മാറ്റിക്കാൻ പ്രത്യക്ഷസമരങ്ങൾ കൂടിയേ തീരൂ. ഡോക്ടർമാരുടെ പ്രൊഫഷണൽ സംഘടനകൾക്ക് പ്രത്യക്ഷസമരത്തിനു ചില പരിമിതികളുണ്ട്, വിദ്യാർത്ഥികളുടെ സംഘശക്തിക്കും വിപ്ലവവീര്യത്തിനും അതില്ല...
ഇന്ന് ഔദ്യോഗിക ആവശ്യത്തിനു കോഴിക്കോട് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ വന്ന പി.സി.ഒ.യെ വിദ്യാർത്ഥികൾ ഘെരാവോ ചെയ്യുന്നു.
പരിഹാരം കാണാതെ പിന്മാറരുത്,
അഭിവാദ്യങ്ങൾ.
---------------------------------------------------------------------------------------
അവർ വിജയിച്ചു.
ഗൈഡ് പാനൽ അനുസരിച്ച് 35 സീറ്റിലേക്കും അഡ്മിഷൻ നടത്താനുള്ള ശ്രമം നടത്താമെന്ന് പി.സി.ഒ. എഴുതി നൽകിയ ശേഷമാണു വിദ്യാർത്ഥികൾ ഘെരാവോ അവസാനിപ്പിച്ചത്. അന്തിമമായ ലക്ഷ്യം സാക്ഷാൽക്കരിക്കാൻ ഇനിയും ഒരു പാടു ശ്രമിക്കണമെങ്കിലും ഇതൊരു നല്ല നേട്ടമാണ്. പി.സി.ഒ.യുടെ അഹങ്കാരത്തിനേറ്റ ശക്തമായ മറുപടി.
വിദ്യാർത്ഥിസമൂഹത്തിന്റെ ശക്തിയെന്തെന്ന് കാണിച്ചുകൊടുത്ത കോഴിക്കോടിന്റെ ചുണക്കുട്ടികൾക്ക് അഭിവാദ്യങ്ങൾ... ഇതാണു അവകാശപ്പോരാട്ടം... ഇതായിരിക്കണം ചങ്കൂറ്റം. അന്തിമവിജയം നേടുന്നതുവരെ പോരാട്ടം തുടരുക.

No comments:

Post a Comment