Wednesday, September 3, 2014

മതം

മതഭ്രാന്തിനെ എതിർക്കുന്ന കുറേ പോസ്റ്റുകൾ ഞാൻ ഇടാറുണ്ട്.
അതിലൊക്കെ എന്നോടു എതിർപ്പു തോന്നുന്ന ഒരുപാടു സുഹൃത്തുക്കൾ ഉണ്ടെന്നറിയാം.
മതത്തെയോ ദൈവത്തെയോ ഞാൻ എതിർക്കുന്നില്ലെന്നു തിരിച്ചറിയുക.
വിശ്വാസം മനുഷ്യന്റെ മനസ്സിലാകണം, മതവും.
ഏതെങ്കിലും മതസംഘടനകൾ തീരുമാനിച്ചു നടപ്പാക്കുന്ന രഹസ്യ അജണ്ടകൾ അനുസരിച്ച് പാവകളാക്കപ്പെടേണ്ടവരല്ല വിശ്വാസികൾ.
എല്ലാ മതങ്ങളും മനുഷ്യനെ മതത്തിനതീതമായി സ്നേഹിക്കാനേ പഠിപ്പിക്കുന്നുള്ളൂ..
എന്നാൽ ഒരു മതസംഘടനകളും അതു പഠിപ്പിക്കുന്നില്ല എന്നു മാത്രമല്ല മറിച്ച് അന്യമതത്തോടുള്ള വിദ്വേഷം വളർത്തുന്നതിലൂടെയാണ് അവ ശക്തി തെളിയിക്കുന്നതും വളരുന്നതും എന്നത് ഒരു സത്യമായി നിലനിൽക്കുന്നു.
അതുകൊണ്ടു തന്നെ മതത്തിന്റെയും ദൈവത്തിന്റെയും പേരു പറഞ്ഞ് മനുഷ്യരെ പരസ്പരം ശത്രുക്കളാക്കുന്ന സ്ഥാപിതതാല്പര്യത്തെ എതിർക്കാതിരിക്കാൻ മനസ്സനുവദിക്കുന്നില്ല,
ഞാൻ ജനിച്ച മതത്തിലാണെങ്കിലും മറ്റു മതങ്ങളിലാണെങ്കിലും.
അത് മതത്തോടുള്ള എതിർപ്പായി തോന്നുന്നുണ്ടെങ്കിൽ എനിക്കൊന്നും ചെയ്യാനില്ല.
എന്തുകൊണ്ടോ ഞാൻ ഇങ്ങനെയൊക്കെ ആയിപ്പോയി.
മനുഷ്യൻ കഴിക്കുന്ന ഭക്ഷണത്തിനും ഇവിടെ ജാതിയും മതവും വന്നു.
മദ്യം നിരോധിക്കുന്നതും നിരോധിക്കാത്തതും സമുദായനേതാക്കൾ ഏറ്റെടുക്കുന്നു.
ഇന്ന് ഫേസ്ബുക്കിൽ കാണുന്നു,
വാഹനങ്ങൾക്കും മതമുണ്ടെന്ന്.
കൊച്ചിയിൽ എത്തുന്ന ഹൈന്ദവർക്ക് ഹിന്ദു വാഹനങ്ങളും ഹിന്ദു ഡ്രൈവർമാരെയും ലഭ്യമാക്കുമത്രേ..
ഞാൻ പുതിയ ഡിസ്പെൻസറിയിൽ മാറി വന്നിട്ട് ഒന്നര മാസമായി. ഇതിനിടയിൽ ഫാർമസിസ്റ്റിനോട് പത്തോളം രോഗികൾ ചോദിക്കുന്നതു ഞാൻ കേട്ടു, ഡോക്ടർ ഹിന്ദുവോ മുസ്ലീമോ എന്ന്. (എല്ലാ മതത്തിൽ പെട്ടവരും).
ഡോക്ടറുടെ മതം പോലും രോഗശമനത്തിനു സ്വാധീനിക്കാൻ തുടങ്ങി?
കാലം ചലിക്കുന്നത് പിന്നോട്ടാണോ?
ഇത്രയധികം സമൂഹത്തെ മതം സ്വാധീനിക്കുന്ന കാലത്ത് പല വിശ്വാസങ്ങളിലെയും അപകടങ്ങളും സങ്കുചിതത്വവും അല്പമെങ്കിലും ചോദ്യം ചെയ്യപ്പെട്ടില്ലെങ്കിൽ ഇനിയുള്ള കാലം ഈ നാട്ടിൽ ജീവിക്കാൻ പറ്റില്ല.
അടുത്ത തലമുറയോടുള്ള കടമയായെങ്കിലും പലപ്പോഴും രാജാവ് നഗ്നനാണെന്നു വിളിച്ചുപറയാൻ തോന്നിപ്പോവുന്നു...
ആചാരങ്ങൾ നിങ്ങൾ മതങ്ങൾ പങ്കിട്ടെടുത്തോളൂ..
പക്ഷെ ഓണം പോലുള്ള ആഘോഷങ്ങളെങ്കിലും ഞങ്ങൾ സാധാരണ മനുഷ്യർക്കു തരൂ..
ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളിലെങ്കിലും മതം കലർത്താതിരിക്കൂ.
ഓണമൊക്കെ എന്ത് ഐതിഹ്യമുണ്ടെങ്കിലും മലയാളികളുടെ മുഴുവൻ ആഘോഷമാണ്, അതിലും ദയവായി മതം കലർത്തരുത്...
ഞങ്ങൾ ഇവിടെ ജീവിച്ചുപോയിക്കോട്ടെ..
ഇതൊക്കെ പറയുന്നത് ഞാൻ വലിയ മഹാനായതുകൊണ്ടല്ല,
ഇതുവരെ ആരെയും മതത്തിന്റെ പേരിൽ വേർതിരിച്ചു കണ്ടിട്ടില്ല എന്നൊരു "തെറ്റ്" ചെയ്തുപോയി.
ഇനിയും അങ്ങനെയേ ജീവിക്കൂ..
അതിനായി എതിർക്കപ്പെടേണ്ടവ എതിർക്കുക തന്നെ ചെയ്യും.
അല്ലാതെ നിവൃത്തിയില്ല.
അതു സീരിയസ് ആയോ കോമഡിയായൊ ഭ്രാന്തായോ നിങ്ങൾക്കെടുക്കാം...
എഴുതുന്നതു കണ്ടു ചൊറിച്ചിൽ വരുന്നുണ്ടെങ്കിൽ എന്നെ നന്നാക്കാൻ വരരുത്...
ഞാൻ "നിങ്ങളെപ്പോലെ" നന്നാവില്ല..
ഫ്രെന്റ് ലിസ്റ്റിൽ നിന്ന് എന്നെ ഒഴിവാക്കുക മാത്രമാണു വഴി..
ഒരു വിഷമവുമില്ല.
നന്ദി.

No comments:

Post a Comment