Wednesday, August 6, 2014

രാത്രി പുരുഷന്മാർക്കു മാത്രമുള്ളതാണോ?

കഴിഞ്ഞ ദിവസം മലപ്പുറത്ത് ഡി.വൈ.എഫ്.ഐ.യുടെ സ്ത്രീസുരക്ഷക്കുള്ള "നൈറ്റ് അസംബ്ലി" കഴിഞ്ഞ് തിരൂരിലേക്ക് തിരിച്ചു വരുമ്പോൾ ഒരു സഖാവും മൂന്നു പെണ്മക്കളും കൂടി കാറിലുണ്ടായിരുന്നു. ഉയർന്ന സാമൂഹ്യബോധമുള്ള - കലാകാരികളായ - വേനൽത്തുമ്പികൾ കലാജാഥയിലെ സ്ഥിരം സാന്നിദ്ധ്യങ്ങളായ - മൂന്നു മിടുക്കിക്കുട്ടികൾ.
12.15 നാണു അവസാന പരിപാടിയായ മൻസിയയുടെ സോളോ ഡ്രാമ "പെൺകുഞ്ഞുങ്ങൾ ഇനി കരയില്ല" അവസാനിച്ചത്. കവയിത്രി സുഗതകുമാരിയുടെ വിവിധ കവിതകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ, സ്ത്രീയുടെ അടിച്ചമർത്തലിന്റെയും ചെറുത്തുനിൽപ്പിന്റെയും ഇന്നത്തെ സമൂഹത്തിൽ സ്ത്രീ അനുഭവിക്കുന്ന തരംതാഴ്ത്തലുകളുടെയും വേദനകളുടെയും കഥ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗം കൂടിയായ യൂണിവേഴ്സിറ്റി കലാതിലകം മൻസിയ തന്റെ പ്രതിഭാധനമായ അഭിനയശേഷിയിലൂടെ, ഒരു മണിക്കൂർ നീണ്ട അവതരണത്തിലൂടെ സദസ്സിന്റെ ഹൃദയത്തിൽ ചേർത്തു. സ.മൻസിയക്ക് അഭിവാദ്യങ്ങൾ..

പറഞ്ഞുവന്നത് അതല്ല,
അർദ്ധരാത്രിയിൽ മലപ്പുറവും കോട്ടക്കലും തിരൂരും ആ പെൺകുട്ടികൾ കാണുന്നത് ആദ്യമായിരിക്കും.
തിരൂരിൽ എത്തിയപ്പോൾ "ഹായ്, തിരൂർ രാത്രി കാണാൻ ഇങ്ങനെയാണല്ലേ.. എന്തു രസാ... " എന്ന് അതിലൊരാളുടെ നാവിൽ നിന്നു വീണത് തിരൂരിന്റെ ഭംഗിയേക്കാൾ കൂടുതൽ ആ സമയത്ത് ഒരു പട്ടണത്തെ ആദ്യമായി ദർശിക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയാൽ ആയിരിക്കും എന്നുറപ്പ്...

ആ സന്തോഷം അവർക്ക് അർഹതയില്ലാത്തതാണോ?
രാത്രി പുരുഷന്മാർക്കു മാത്രമുള്ളതാണോ?
നമ്മുടെ പെൺകുട്ടികൾക്ക്
സ്ത്രീകൾക്ക്
നട്ടുച്ചക്കെന്ന പോലെ അർദ്ധരാത്രിക്കും
പുരുഷന്റെ അകമ്പടിയില്ലാതെ
ഭയമില്ലാതെ പുറത്തിറങ്ങാൻ
രാത്രിയുടെ സൗന്ദര്യം നുകരാൻ
എന്നെങ്കിലും കഴിയുമോ?
നമ്മുടെ സാക്ഷര സുന്ദര പ്രബുദ്ധ കേരളത്തിൽ?
അതിനുള്ള ഒരു ചെറിയ തുടക്കമെങ്കിലും നൽകാൻ
"നൈറ്റ് അസംബ്ലി"ക്കു കഴിയട്ടെ...

No comments:

Post a Comment