Friday, July 11, 2014

"പാപ്പീലിയോ ബുദ്ധ"

ദളിത് വനിതാ ഓട്ടോ ഡ്രൈവറെ പുരുഷ ഓട്ടോ ഡ്രൈവർമാർ കൂട്ടബലാൽസംഗം ചെയ്യുന്നതിനു മുൻപ് വനിതാ ഓട്ടോക്കു ചുറ്റും മറ്റു ഓട്ടോകൾ വലം വെക്കുമ്പോൾ അവയിൽ ഓരോന്നിലും ചെ ഗുവേര, മഹാത്മാഗാന്ധി, കാളി/മഹാലക്ഷ്മി എന്നിങ്ങനെ ചിത്രങ്ങൾ ഒട്ടിച്ചതിന്റെ ക്ലോസ് അപ്പ് കാണിച്ചാൽ ദളിതർക്കെതിരെയുള്ള പീഡനത്തിൽ എല്ലാ രാഷ്ട്രീയക്കാരും ഒന്നാണെന്നാണ് മനസ്സിലാക്കേണ്ടത്.
ആണോ?
ആണത്രേ...
ഇന്നലെ ഒരു സിനിമ കണ്ടപ്പോൾ പഠിച്ചതാ... "പാപ്പീലിയോ ബുദ്ധ"
ഇതുപോലെ കുറേ ഉപമകളും ഉല്പ്രേക്ഷകളും പച്ചയായ ജീവിതം കാണിക്കാൻ "നഗ്ന"സത്യങ്ങൾ കാണിക്കലും നായികയെക്കൊണ്ട് പച്ചത്തെറി വിളിപ്പിക്കലും (ന്യൂജനറേഷനാകാനാകും) സിഗരറ്റ് കത്തിച്ച് പിടിച്ച് അലക്ഷ്യമായി നോക്കിയിരിക്കലും ഓട്ടോ സ്റ്റാർട്ട് ചെയ്താലും നടന്ന് തുടങ്ങിയാലും ലക്ഷ്യസ്ഥാനത്തെത്തുന്നതു വരെ അതുമാത്രം കാണിച്ചു സമയം തീർക്കലും പോലുള്ള സ്ഥിരം കലാപരിപാടികൾ എല്ലാമുണ്ട്. അവസാനം വിവാദം പ്രതീക്ഷിച്ചായിരിക്കും ഗാന്ധിജിയുടെ കോലത്തിൽ ചെരിപ്പുമാലയണിയിച്ച് കത്തിക്കലുമുണ്ട്.
ബുദ്ധിജീവിയല്ലാത്തതുകൊണ്ടാവും, എനിക്കത്ര പിടിച്ചില്ല.
ആരുടേയോ മനസ്സിലെ ഇൻഫീരിയോറിറ്റി കോമ്പ്ലക്സും വികലമായ ആശയങ്ങളും അടിച്ചേൽപ്പിക്കാനുള്ള ഒരു ആവിഷ്കാരം.
ചുരുങ്ങിയ പക്ഷം കേരളത്തിലെങ്കിലും അത്രയൊന്നും താഴേക്കിടയിലല്ല ഇന്ന് ദളിത് വിഭാഗത്തിലുള്ളവർ ജീവിക്കുന്നത്. ആ സാഹചര്യം ഒരുക്കിയതിൽ ഇവിടുത്തെ സാമൂഹ്യ പരിഷ്കർത്താക്കൾക്കും ഇടതുപക്ഷപ്രസ്ഥാനത്തിനും വ്യക്തമായ പങ്കുണ്ട്. പക്ഷെ അതൊന്നും കാണാതെ ഇതുപോലുള്ള സിനിമകൾ പടച്ചു വിടുന്നവരുടെ ലക്ഷ്യം എന്താണാവോ...
അതിലെ നായികയുടെ നേരെ നീങ്ങിയ പുരുഷ നോട്ടങ്ങൾ ഇന്ന് ഒരു ശരാശരി ഭാരതസ്ത്രീ ഓരോ നിമിഷവും പ്രതീക്ഷിക്കേണ്ടതുതന്നെയാണ്, അതിനൊരു ദളിത പരിവേഷത്തിന്റെ ആവശ്യമുണ്ടെന്നു തോന്നിയില്ല. (നായികയും ഒരിക്കൽ അങ്ങനെ തന്നെയാണു പറയുന്നത്, പക്ഷെ ഒടുവിൽ അതിന്റെ നിറം മാറുന്നു)
സൃഷ്ടാക്കളുടെ മനോനില വ്യക്തമാക്കുന്ന ഒരു സംഭാഷണമുണ്ട് ചിത്രത്തിൽ...
"ജാക്കിനു ശലഭത്തെ പിടിച്ചു കൊടുത്താലും അമേരിക്കയിൽ പോയി പഠിച്ചാലും പുലയൻ എന്നും പുലയൻ തന്നെ"
ആഗ്രഹിക്കുന്നത് ഉയർച്ചയും തുല്യതയും ആണെങ്കിൽ ആദ്യം വേണ്ടത് ഇത്തരം അപകർഷതാബോധം ഒഴിവാക്കലാണ്. സ്വത്വബോധം ആവാം, പക്ഷെ അതു വഴിതെറ്റി സ്വത്വതീവ്രവാദത്തിൽ എത്തിയാൽ? അതാണീ ചിത്രത്തിൽ നടക്കുന്നത്. നിർമ്മാതാക്കളായി തമ്പി ആന്റണിയുടെയും പ്രകാശ് ബാരെയുടെയും പേരാണു കാണുന്നത്. പക്ഷെ യഥാർത്ഥത്തിൽ അവർ തന്നെയാണോ ആവോ.
അയ്യങ്കാളിയുടെയും ഡോ.അംബേദ്കറുടെയും ഫോട്ടോക്കരികിലെ ഇ.എം.എസിന്റെ ഫോട്ടോ എടുത്തുമാറ്റി അവിടെ ബുദ്ധന്റെ ഫോട്ടോ വെക്കുന്നതുപോലുള്ള രംഗങ്ങളും ഉണ്ട് ചിത്രത്തിൽ. കൊള്ളാം. എതിർപ്പ് ജാതീയതയോടാണെങ്കിൽ എതിർക്കേണ്ടത് പെരുന്ന നായരെയും വെള്ളാപ്പള്ളിയെയും പോലുള്ള മുഴുസവർണ-അരസവർണ ജാതി നേതാക്കളെയാണ്, അല്ലാതെ എന്നും പിന്നോക്കവിഭാഗത്തോടൊപ്പം നിന്നിട്ടുള്ള ഇടതുപക്ഷത്തെയല്ല, അതിനെ നയിച്ച സ.ഇ.എം.എസിനെയല്ല. ഇവിടെ ജാതിയും മതവും സൃഷ്ടിച്ചതും നിലനിർത്തിയതും ഇടതുപക്ഷക്കാരല്ല.
ജാതീയതക്കെതിരെ പോരാടുന്നു എന്ന പേരിൽ ചിത്രത്തിൽ ഹിന്ദുമതത്തെ ഉപേക്ഷിക്കുന്നു എന്നു പ്രഖ്യാപിക്കുന്ന ദളിതർ സ്വീകരിക്കുന്നത് ബുദ്ധമതമാണ്. ആ രംഗത്തിലൂടെ ഊട്ടിയുറപ്പിക്കുന്നതു തന്നെ ഒരു തല തിരിഞ്ഞ ആശയമാണ്. ജീവിക്കാൻ ഒരു ജാതിയും മതവുമൊക്കെ ആവശ്യമാണെന്ന ഹിഡൻ അജണ്ട. എന്തുകൊണ്ട് മതം ഉപേക്ഷിക്കുന്നവർക്ക് ഒരു മതത്തിന്റെയും ജാതിയുടെയും പിൻബലമില്ലാതെ ജീവിക്കാൻ കഴിയില്ല? ഒരു മതം ഉപേക്ഷിച്ചാൽ ഉടൻ മറ്റൊരു മതത്തിൽ ചേർന്നോളണം എന്നൊരു നിയമമുണ്ടോ? അതുമാത്രമല്ല, ബുദ്ധമതത്തിൽ ചേരുന്നവർ അടുത്തതായി ചെയ്യുന്നത് ഗാന്ധിജിയുടെ കോലത്തിൽ ചെരിപ്പുമാലയിട്ടു കത്തിക്കുന്നതാണ്. രണ്ടും അഹിംസയുടെ ആൾക്കാരാണെന്നതാണ് യഥാർത്ഥ തമാശ. അയ്യങ്കാളിയും അംബേദ്കറുമൊക്കെ ഈ പടം കണ്ടിരുന്നെങ്കിൽ, ഹോ… ഓർക്കാൻ വയ്യ.
വാൽ:
നായകനും (മറിമായത്തിലെ ചിരിക്കുന്ന കഥാപാത്രം – ശ്രീകുമാർ) നായികയും പിന്നെ പ്രധാനകഥാപാത്രമായി അഭിനയിക്കുന്ന കല്ലേൻ പൊക്കുടനുമൊക്കെ നന്നായിട്ടുണ്ട്.

No comments:

Post a Comment