"മുഖ്യധാരാ
"നിഷ്പക്ഷ" പത്രങ്ങളുടെ നിലനിൽപ്പ് പണം കൊടുത്ത് അവ വാങ്ങി വായിക്കുന്ന
സാധാരണ വായനക്കാരനെ ആശ്രയിച്ചല്ല, മറിച്ച് അവയിൽ ലഭിക്കുന്ന
പരസ്യങ്ങളിലാണ്. രാഷ്ട്രീയമായാലും മറ്റേതു മേഖലയായാലും പത്രമുതലാളിമാർക്ക്
തങ്ങളുടേതായ അജണ്ട നടപ്പിലാക്കാനുള്ള മാർഗം മാത്രമാണു പത്രം. വിവിധ
ചികിത്സാരീതികളോടുള്ള സമീപനത്തിൽ പോലും പത്രങ്ങൾ തങ്ങളുടെ വിധേയത്വം
പരസ്യമാക്കിക്കൊണ്ടിരിക്കുന്നു. അവരുടെ ഹിഡൻ അജണ്ട മനസ്സിലാക്കിയും
വാർത്തകളിലെ പൊള്ളത്തരം തിരിച്ചറിഞ്ഞും കുറച്ചു പേരൊക്കെ വായന നിർത്തിയാൽ
തന്നെ പരസ്യങ്ങളിൽ നിന്നുള്ള വരുമാനം കൊണ്ട് പത്രം ലാഭത്തിൽ
നടത്താമെന്നുള്ള അഹങ്കാരം അവർക്കുണ്ട്. വായനക്കാരിലും ഒരു
മുഖ്യധാരയുണ്ടെന്നും അവർ തങ്ങ ൾ വിളമ്പിക്കൊടുക്കുന്നതെല്ലാം തൊണ്ട തൊടാതെ
വിഴുങ്ങുമെന്നും അവർക്കറിയാം. അതുകൊണ്ടു തന്നെ അവരുടെ നിലപാടുകളിൽ ഒരു
മാറ്റം പ്രതീക്ഷിക്കാൻ വയ്യ.
പരിധി വിട്ടാൽ ഈ കൂലിയെഴുത്ത് അവരുടെ
വിശ്വാസ്യതയെ കുറേശ്ശെ ബാധിച്ചു തുടങ്ങുമെന്നും അതിന്റെ ഫലമായി വായനക്കാർ
കുറഞ്ഞു തുടങ്ങിയാൽ പരസ്യവരുമാനവും കുറയുമെന്നും അതു മനസ്സിലാക്കി പത്രമുടമ
നിലപാടിൽ വെള്ളം ചേർക്കൽ നിർത്തുമെന്നും രാവിലെ പത്രത്തോടൊപ്പം ചായയും
കുറച്ചു സത്യങ്ങളും അകത്താക്കാൻ കഴിയുന്ന ഒരു നല്ലകാലം വരുമെന്നും അതിന്റെ
അർത്ഥശൂന്യതയിൽ ഉള്ളിൽ ചിരിച്ചുപോകുമ്പോഴും വെറുതെ പ്രതീക്ഷിക്കുന്നു.
.... ഇപ്പോ കുറേ പേർ വരും ദേശാഭിമാനിയെ കുറ്റം പറയാൻ. ദേശാഭിമാനി നിഷ്പക്ഷ
പത്രമല്ലെന്നും സി.പി.ഐ. (എം) ന്റെ മുഖപത്രമാണെന്നും ആ നിലപാടിനോടു
യോജിപ്പില്ലാത്തവർ വായിച്ചു വഴിതെറ്റിപ്പോകണമെന്നില്ലെന്നും മുന്നറിയിപ്പു തന്നുകൊള്ളുന്നു."
No comments:
Post a Comment