"ഫേസ്ബുക്ക് സ്റ്റാറ്റസിന്റെ സ്റ്റാറ്റിസ്റ്റിക്സ് നോക്കിയാണോ സ്റ്റാറ്റസ് കണക്കാക്കപ്പെടുന്നത്?
"നീ ഒരു ഡോക്ടറല്ലേ? സ്റ്റാറ്റസ് നോക്കണ്ടേ?"
"ഇത് പോലെ രാഷ്ട്രീയം പറഞ്ഞും പ്രതികരണം നടത്തിയും ഒക്കെ നടന്നാൽ മോശമല്ലേ? ആളുകൾ എന്തു കരുതും?"
"ഹോമിയോപ്പതിക്ക് വേണ്ടി ഫേസ്ബുക്കിൽ എഴുതുന്നതെന്തിനാ? നിന്റെ
ക്ലിനിക്കിൽ ഇരുന്ന് പ്രാക്റ്റീസ് ചെയ്ത് സ്വന്തം കാര്യം നോക്കി
ജീവിച്ചൂടെ?"
"ഫുൾടൈം ഫേസ്ബുക്കിലാണല്ലോ.. വേറെ പണിയൊന്നും ഇല്ലേ?"
"മാന്യമായ വാക്കുകൾ ഉപയോഗിക്കേണ്ടേ? ഡോക്ടർമാർക്ക് കുറച്ചു സംസ്കാരമൊക്കെ വേണ്ടേ?"
നേരിട്ടും മെസേജ് അയച്ചും സഹാനുഭൂതിയും വിമർശനങ്ങളും ഉതിർക്കുന്നവർ
ശ്രദ്ധിക്കുക. ഞാൻ ഒരു ഡോക്ടർ ആണെന്നത് സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളിൽ
നിന്നും അകന്ന് ക്ലിനിക്കിൽ ഇരുന്ന് പണമുണ്ടാക്കി ദന്തഗോപുരത്തിൽ വസിക്കണം
എന്നതിന്റെ അടയാളമെന്നാണെങ്കിൽ സോറി, ഞാൻ ആ ടൈപ്പ് അല്ലേ അല്ല.
എനിക്കു വ്യക്തമായ രാഷ്ട്രീയമുണ്ട്, ചുവപ്പിന്റെ രാഷ്ട്രീയം. അതിനു വേണ്ടി
തന്നെയാണു ഞാൻ നിലകൊള്ളുന്നത്, ജീവിതത്തിലും ഫേസ്ബുക്കിലും.
എന്റെ
തൊഴിൽ ഹോമിയോപ്പതി ഡോക്ടർ എന്നതാണ്. വെറുതെ അതു കൊണ്ട് പണമുണ്ടാക്കുക
എന്നതല്ലാതെ അതിനെതിരെയുള്ള വിമർശനങ്ങളെ പ്രതിരോധിക്കുകയും അതിലെ
ആവശ്യങ്ങൾക്കായി ശബ്ദമുയർത്തലും എന്റെ കടമയാണ്. സംഘടനാപ്രവർത്തനവും
ഫേസ്ബുക്ക് പോസ്റ്റുകളുമെല്ലാം ആ കടമയുടെ ഭാഗമാണ്.
തൊഴിലിൽ
രാഷ്ട്രീയത്തെയും രാഷ്ട്രീയത്തിൽ തൊഴിലിനെയും നിലപാടുകളിൽ
വ്യക്തിബന്ധങ്ങളെയും ഞാൻ കൂട്ടിക്കുഴക്കാറില്ല. പ്രൊഫഷണൽ സംഘടനയായ
ഐ.എച്ച്.കെ.യും രാഷ്ട്രീയ സംഘടനയും വെവ്വേറെ തന്നെയാണു കണ്ടിട്ടുള്ളത്.
ഒന്ന് മറ്റൊന്നിനു പകരം വെക്കാനോ ഒന്നിനെ മറ്റൊന്നിൽ കലർത്താനോ
ശ്രമിക്കാറുമില്ല, അതൊരിക്കലും കഴിയുകയുമില്ല.
അതുകൊണ്ട്,
എന്റെ ഫേസ്ബുക്കിലെ സാന്നിദ്ധ്യത്തെ അനാവശ്യമായി വിമർശിക്കുന്നവർക്ക് ആ
സാന്നിദ്ധ്യം അരോചകമെങ്കിൽ, എന്നെ ബ്ലോക്ക് ചെയ്യാം. ദയവായി എന്നെ
നന്നാക്കാൻ ശ്രമിക്കാതിരിക്കുക... അതിനായി ഫേക്ക് പ്രൊഫൈലുകൾ
നിർമ്മിക്കാതിരിക്കുക...
ഇടക്കിടെ പ്രൊഫൈൽ പിക്ക് മാറ്റാനും
ജന്മദിനാശംസ നേരാനും വിനോദയാത്രയുടെയും ഭക്ഷണത്തിന്റെയും ആഘോഷങ്ങളുടെയും
മറ്റും ഫോട്ടോ ഇടാനും ലൈക്കും കമന്റും സ്വീകരിക്കാനും ഒക്കെ ഞാനുമുണ്ട്
ഫേസ്ബുക്കിൽ, പക്ഷെ അതിനുമാത്രമല്ല എന്നുമാത്രം.
അതിനാൽ ദയവായി എന്നെ എന്റെ വഴിക്കു വിടുക...
ഞാൻ സമൂഹത്തിലും ഫേസ്ബുക്കിലും എന്റേതായ വഴിയിൽ ജീവിച്ചുപോയിക്കൊള്ളട്ടെ...
നന്ദി."
No comments:
Post a Comment