Sunday, September 7, 2014

‪#‎bookbucketchallenge‬

 #‎bookbucketchallenge‬

ക്ഷണിച്ചതിനു നന്ദി Divya S Kalathingal
ഇഷ്ടപ്പെട്ട 10 എണ്ണം, 5 എണ്ണം ഒക്കെ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ പണ്ടേ പിന്നോട്ടാണ്,
ഏതു വിഷയത്തിലായാലും.
പക്ഷേ ഇതെന്നെ എന്റെ വായനയുടെ നാൾവഴികളിലേക്കൊന്നു കൂട്ടിക്കൊണ്ടുപോയി.
ബാലരമയും പൂമ്പാറ്റയും വായിച്ചു തുടങ്ങിയ ശേഷം ഒരു പുസ്തകം എന്ന നിലയിൽ ആദ്യമായി വായിച്ചത് നാലാം ക്ലാസിൽ യുറീക്കാ പരീക്ഷക്ക് സമ്മാനം കിട്ടിയ "സർദാർ ഭഗത് സിംഗ്" എന്ന പുസ്തകമാണ്.

പിന്നെ അഞ്ചാം ക്ലാസിലെത്തിയ ശേഷം സ്കൂൾ ലൈബ്രറിയിൽ നിന്ന് വല്ലപ്പോഴും പുസ്തകങ്ങൾ എടുക്കാൻ തുടങ്ങി. അത്ഭുതവാനരന്മാർ, അമ്പിളി അമ്മാവൻ തുടങ്ങിയവയൊക്കെ വായിച്ചത് ഓർമ്മയുണ്ട്. പുരാണകഥകൾ നിരവധി വായിച്ചിട്ടുണ്ട്. പിന്നെ മാലി രാമായണം ഒരിക്കൽ സമ്മാനമായി കിട്ടിയതു വായിച്ചു, അങ്ങനെ കുറേ. ബാലസാഹിത്യം വിട്ട് ആദ്യമായി വായിച്ച പുസ്തകം ചെറുകാടിന്റെ "ജീവിതപ്പാത" ആയിരുന്നു (മുൻപൊരിക്കൽ എഴുതിയിട്ടുണ്ട്).

വായനക്ക് പിന്തുണ കിട്ടുന്ന സാഹചര്യമായിരുന്നില്ല വീട്ടിൽ. 'അമ്മട്ടീച്ചർ' പരീക്ഷക്ക് മാർക്ക് കൂടാനുള്ള വായനയെ മാത്രമേ പ്രോത്സാഹിപ്പിച്ചുള്ളൂ. പിന്നെ വല്ലപ്പഴും ഉള്ള വായനക്കു ശേഷം വായന ഒരു അർമാദമാക്കാൻ കഴിഞ്ഞത് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞുള്ള സമയത്താണ്. കുറച്ചുകാലം കൊണ്ട് ഒരുപാടു പുസ്തകങ്ങൾ വായിച്ചു, തലക്കാട് പഞ്ചായത്ത് ലൈബ്രറിയിൽ നിന്ന്.. എം.ടി, ബഷീർ, തകഴി, എസ്.കെ.പൊറ്റെക്കാട്ട്... അങ്ങനെയങ്ങനെ. പിന്നെ ഇടക്കും തലക്കും കഴിയുന്നത്ര വായിക്കുമായിരുന്നു.

കോഴിക്കോട് ഹോമിയോ കോളേജിൽ ചേർന്ന ശേഷം സെൻട്രൽ ലൈബ്രറിയായി വായനക്കുള്ള ആശ്രയം, പിന്നെ കോളേജിനു മുന്നിലെ വാഗ്ഭടാനന്ദ ലൈബ്രറിയും. "മരുന്ന്" "ആരോഗ്യനികേതനം" എന്നിവ വായിച്ചത് അക്കാലത്താണ്. പിന്നെ വായന കുറഞ്ഞുവന്നു.

വീണ്ടും അത് തളിരിട്ടത് വിവാഹശേഷമാണ്. നല്ലൊരു വായനക്കാരിയും എം.ടി. ആരാധികയുമായ വാമഭാഗത്തിന്റെ താല്പര്യത്തിൽ പുസ്തകമേളകൾ ഇഷ്ടപ്പെട്ട ഒരു സങ്കേതമായി. അങ്ങനെ പുസ്തകം വാങ്ങി വായിക്കാൻ തുടങ്ങി. ആൽക്കെമിസ്റ്റും കോളറാകാലത്തെ പ്രണയവുമൊക്കെ അങ്ങനെ വായിച്ചതാണ്. ഇന്നും അതു തുടരുന്നു.

എന്തു കിട്ടിയാലും വായിക്കുന്നതാണു ശീലമെങ്കിലും പൊതുവെ ഇഷ്ടപ്പെടാത്ത വിഭാഗങ്ങൾ വ്യക്തിത്വവികസനം അഥവാ ജീവിതവിജയം അടിസ്ഥാനമായവ, ആത്മീയത അടിസ്ഥാനമായവ തുടങ്ങിയവയാണ്. ആംഗലേയ - വിദേശ സാഹിത്യം പരിഭാഷക്കപ്പുറം നേരിട്ടു വായിക്കാറില്ല. പിന്നെ ഹോമിയോപ്പതി - മെഡിക്കൽ പുസ്തകങ്ങൾ ഇതിൽ പെടുത്താൻ തോന്നുന്നും ഇല്ല.

എന്തായാലും പെട്ടെന്ന് ഓർമ്മ വരുന്ന പത്തെണ്ണം പറയുന്നു...
1. ജീവിതപ്പാത - ചെറുകാട്
2. അനുഭവങ്ങൾ അനുഭാവങ്ങൾ (ഒരു സർജന്റെ ഡയറിക്കുറിപ്പുകൾ) - ഡോ.പി.കെ.ആർ. വാര്യർ
3. കാലം - എം.ടി.
4. ഒരു ദേശത്തിന്റെ കഥ - എസ്.കെ.പൊറ്റെക്കാട്ട്
5. കോളറാകാലത്തെ പ്രണയം - മാർക്വേസ്
6. മരുന്ന് - പുനത്തിൽ
7. പേപ്പർ ലോഡ്ജ് - Susmesh Chandroth
8. ബാല്യകാലസഖി - ബഷീർ
9. രണ്ടാമൂഴം - എം.ടി
10. ആയുസ്സിന്റെ പുസ്തകം - സി.വി.ബാലകൃഷ്ണൻ

സവിശേഷ ഭാഷാ ശൈലി കൊണ്ട് ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, കോവിലന്റെ തട്ടകം, വ്യത്യസ്തത കൊണ്ട് ബെന്യാമിന്റെ ആടുജീവിതം, പിന്നെ പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റ്, ശ്രീ.ലോനപ്പൻ നമ്പാടന്റെ ആത്മകഥ "സഞ്ചരിക്കുന്ന വിശ്വാസി", ഈയടുത്തു വായിച്ച ഏറ്റവും മികച്ച കഥകൾ അടങ്ങിയ സുസ്മേഷിന്റെ "എന്റെ മകൾ ഒളിച്ചോടും മുൻപ്"......
അങ്ങനെ എത്രയോ കിടക്കുന്നു ബാക്കി.
പക്ഷെ 10 ആണല്ലോ അനുവദനീയം :-)

എന്തായാലും ഇനി ഒരു ആറേഴു പേരുടെ വായനാനുഭവം കൂടി അറിയട്ടെ...
(വിളിക്കാവുന്നതിനു വല്ല പരിധിയുമുണ്ടോ ആവോ :-D )
Anina Jithendra Rajisha Krishnan Ranji P Anand DrAthira Kunhunny Santhosh Mohan Sindu Sudish DrGirijadevi Tk
വരട്ടെ പത്തു പുസ്തകങ്ങൾ...

No comments:

Post a Comment